ABOUT US




സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍ തോമാപുരം

ഒരു ലഘുലേഖ
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് തോമാപുരം. കാലഘട്ടത്തിന്റെ വിളികേട്ട് ഇറങ്ങിപുറപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. മലബാര്‍മലയോരങ്ങളില്‍ ഒരു പുത്തന്‍ സംസ്കാരത്തിന് തുടക്കം കുറിക്കുവാന്‍ ഈ ജനങ്ങള്‍ക്ക് കഴിഞ്ഞു. 1944 മുതല്‍ ഈ കന്യഭൂവിലേക്ക് കര്‍ഷകമക്കളുടെ കുടിയേറ്റം ആരംഭിച്ചു.അദ്ധ്വാനത്തോടൊപ്പം തങ്ങളുടെ മക്കള്‍ക്ക് വിദ്യഭ്യാസം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇവര്‍ സമയം കണ്ടെത്തി.
അദ്ധ്വാനശീലരും ഉല്‍ക്കര്‍ഷേച്ഛുക്കളുമായ തോമാപുരം നിവാസികളുടേയും ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ മോണ്‍സിഞ്ഞോര്‍ ജറോം ഡിസൂസയുടെയും അക്ഷീണപരിശ്രമ ഫലമായി 1949 ജൂണ്‍ 20ന് സെന്റ് തോമസ് എല്‍.പി. സ്കൂള്‍ 30 വിദ്യാര്‍ത്ഥികളോടുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശ്രീ. ടി.വി. ജോസഫ് തയ്യില്‍ പ്രഥമമാനേജരായും ശ്രീ.കെ നാരായണന്‍ നായര്‍ പ്രഥമ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു. 1952ല്‍ ശ്രീ ടി.വി. ജോസഫ് സ്കൂളിന്റെ മാനേജ്മെന്റ് മോണ്‍.ജറോം ഡ്സൂസയ്ക്ക് കൈമാറി. ശ്രീ.കെ. നാരായണന്‍ നായര്‍ 1953ജൂണ്‍ മാസത്തില്‍ ജോലി രാജിവെക്കുകയും ശ്രീ.ടി.ജെ. തോമസ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.
1953ല്‍ ഈ സ്കൂള്‍ ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് വളരെയധികം ക്ലേശമനുഭവിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തോമാപുരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന യശഃശ്ശരീരനായ ജോസഫ് കൊല്ലപ്പറമ്പിലച്ചന്റെ നേതൃത്വത്തില്‍ നടത്തിയ നിവേദനത്തിന്റെയും യശഃശരീരനായ കേരള സംസ്ഥാനമന്ത്രി പി.ടി. ചാക്കോയുടെയും പ്രത്യേക താല്‍പര്യത്തിന്റെയും ഫലമായി നാട്ടുകാരുടെ ചിരകാലാഭിലാഷം സഫലമായി 4-7-1960ല്‍ തോമാപുരം ഹൈസ്കൂള്‍ സ്ഥാപിതമായി. യശഃശ്ശരീരനായ കെ.വി. ജോസഫ് ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. 1961ല്‍ അദ്ദേഹം ദേവഗിരി സെന്റ് സാവിയോ ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും യശഃശ്ശരീരനായ
വി.എം. മത്തായി ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുക്കുകയും ചെയ്തു. 23 വര്‍ഷത്തെ പ്രശസ്ത സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 1985 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ ഈ സ്കൂള്‍ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. 2009-10 വര്‍ഷം ഈ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയാണ്.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമുള്ള ഉപരിപഠനം ഭൂരിഭാഗം കുട്ടികളെ സംബബന്ധിച്ചും സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായിരുന്നു. എന്നാല്‍ പ്രഗത്ഭനും പക്വമതിയുമായ ബഹുഃ ജോര്‍ജ്ജ് നരിപ്പാറയച്ചന്റെയും അദ്ധ്വാനശീലരും ത്യാഗനിധികളുമായ നാട്ടുകാരുടേയും പരിശ്രമഫലമായി 1998 ല്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1998 ആഗസ്റ്റ് മാസം സയന്‍സ്, ഹ്യുമാനിറ്റീസ്, പ്ലസ്ടുബാച്ചുകളും 2000 ആഗസ്റ്റ് മാസം കൊമേഴസ് ബാച്ചും ആരംഭിച്ചു.
പഠന നിലവാരത്തിലും കലാകായികരംഗങ്ങളിലും ഈ സ്കൂളിന് സമുന്നതമായ സ്ഥാനമാണുള്ളത്. ഇന്ന് 23 ഡിവിഷനുകളിലായി ഹൈസ്കൂള്‍ വിഭാഗത്തില്‍ 1000 കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. കുട്ടികളുടെ അദ്ധ്യന നിലവാരം ഉയര്‍ത്തുന്നതില്‍ അ്ദധ്യാപകരുടെ കഠിനാദ്ധ്വാനത്തോടൊപ്പം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണവും കുട്ടികളുടെ നിരന്തരപരിശ്രമവും അതുല്യമായ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയശതമാനവും നിലവാരവും നിലനിര്‍ത്തി നാടിനും നാട്ടുകാര്‍ക്കും അഭിമാനാര്‍ഹമായ നേട്ടം കൈവരുത്തുന്നതിനും സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ഈ വിദ്യാലയത്തിന് കഴിയട്ടെ.
ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി നിരന്തരം പ്രയത്നിച്ച മുന്‍ മാനേജര്‍മാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍, വിരമിച്ച അദ്ധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍,രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വ വിദയാര്‍ത്ഥികള്‍ എല്ലാവരേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
1998 ഏപ്രില്‍ മുതല്‍ 2003 മാര്‍ച്ച് വരെ ഈ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പാലായിരുന്ന സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച പി.ജെ. ജോസഫ് സാറിന് നന്ദിയുടെ നറുമലരുകള്‍!
2006 മെയ് മാസത്തില്‍ ഗവ. നിര്‍ദ്ദേശമനുസരിച്ച് ഹയര്‍ സെക്കന്ററി വേര്‍തിരിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു.

No comments:

Post a Comment

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...